കോട്ടയം: ജില്ലയിലെ കൂട്ടിക്കല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആകെ 13 പേരെ കാണാതായിട്ടുണ്ട് എന്നാണ് വിവരം. ഇവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗമാണ്. ഒരേ കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കിട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ഉരുള്‍ പൊട്ടിയത്.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയുടെ സഹായം ഉള്‍പെടെ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയത്തിനു പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ്.
വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് കോട്ടയത്ത് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. കൂട്ടിക്കല്‍ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.