X

മഴ ശക്തമാവുന്നു; ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി. കനത്ത മഴയിലും കാറ്റിലും മരം പൊട്ടി വീണു വൈദ്യുതി കമ്പികള്‍ വഴിയില്‍ വീഴാന്‍ സാധ്യതയുള്ളതും വീടുകളില്‍ ഷോര്‍ട്ട്‌സെര്‍ക്യൂട്ട് സാധ്യതകളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. വിവധയിടങ്ങളില്‍ തകരാറിലായ വൈദ്യുതി സര്‍വീസ് ലൈന്‍ നന്നാക്കാതെ അവസ്ഥയുമുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി(65), പേട്ട പുള്ളിലെയ്‌നില്‍ തൃപ്തിയില്‍ രാധാകൃഷ്ണന്‍ ആശാരി (70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം.

കാലവര്‍ഷത്തില്‍ പ്രത്യേക സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലൈനിന് 1.2 മീറ്റര്‍ അടുത്തുള്ള വൃക്ഷങ്ങളും ശിഖരങ്ങളും വൈദ്യുതി ബോര്‍ഡിന്റെ അനുമതിയോടെ സുരക്ഷാമുന്‍കരുതലുകള്‍ പാലിച്ച് ഉടന്‍ വെട്ടിമാറ്റണം. പൊട്ടിവീണ വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ ആളുകളെയും വാഹനങ്ങളും കടത്തിവിടരുത്.
റബര്‍ മാറ്റ്, ചെരുപ്പ്, കൈയുറകള്‍ എന്നിവയില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. നില്‍ക്കുന്നിടവും ശരീരവും നനഞ്ഞിരിക്കുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുതി ലൈനുകളും മറ്റും സഞ്ചരിക്കുന്ന വാഹനത്തിന് മുകളില്‍ വീണാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയശേഷമേ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാവൂ. ലൈനുകള്‍ക്ക് സമീപം ലോഹ ഏണി, ഇരുമ്പ് തോട്ടി, ലോഹകുഴലുകള്‍, ക്രെയിന്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ചെയ്യരുത്. വീടുകളില്‍ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വൈദ്യുതി ലൈനുകളില്‍നിന്ന് ശബ്ദവും തീപ്പൊരിയും കണ്ടാല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ അറിയിക്കണം. അപകടകരമായി നില്‍ക്കുന്ന വൈദ്യുതി ലൈനുകളും പ്രതിഷ്ഠാപനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ അറിയിക്കാം

തിരുവനന്തപുരത്ത് പേട്ട പുള്ളിലെയിനില്‍ നിന്നും ചാക്ക സ്‌കൂളിന് സമീപത്തേയ്ക്കുള്ള ഇടവഴിയിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നില്‍ക്കാറുണ്ട്. മുകളിലുള്ള ത്രീ ഫേസ് വൈദ്യുതി ലൈനില്‍ ഒരെണ്ണമാണ് പൊട്ടി വെള്ളത്തില്‍ വീണത്. രാവിലെ 5.30 ന് പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. ആറുമണിയോടെ ചാക്ക സ്‌കൂളിന് സമീപത്ത് നിന്നും പത്രവിതരണക്കാരനായ നാലാഞ്ചിറ സ്വദേശി സുമേഷ് ഇതുവഴിയെത്തി. പ്രസന്നകുമാരി വെള്ളത്തില്‍ കിടക്കുന്നത് കണ്ട് സൈക്കിളില്‍ നിന്നും ഇറങ്ങിയ സുമേഷിനും ഷോക്കേറ്റു. സൈക്കിള്‍ ഉപേക്ഷിച്ച് ഇയാള്‍ ഓടിരക്ഷപെട്ടു. എതിരെ വന്ന എയര്‍പോര്‍ട്ട് ജീവനക്കാരോടും യുവാവിനോടും വൈദ്യുതിലൈന്‍ പൊട്ടിയ വിവരം പറഞ്ഞു. വഴിയാത്രക്കാരനായ യുവാവ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും രാധാകൃഷ്ണന്‍ അപകടത്തില്‍പെട്ടിരുന്നു. നെടുമങ്ങാട് മുക്കോലയ്ക്കല്‍ സ്വദേശിനിയാണ് പ്രസന്നകുമാരി. മൂന്നാംമനയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന മകളോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പരേതനായ രാമചന്ദ്രന്‍നായരാണ് ഭര്‍ത്താവ്. അശ്വതി, സിജുധരന്‍ നായര്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍ : ബാബു, ജ്യോതിലക്ഷ്മി, മഞ്ജു. സുഭദ്രയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: പരേതനായ ഷാജികുമാര്‍, ഷീജ. മരുമക്കള്‍ സുനിത, വസന്തകുമാര്‍. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കെഎസ്ഇബി ധനസഹായം പ്രഖ്യാപിച്ചു. ആദ്യഘഡുവായി രണ്ടുലക്ഷം രൂപ കൈമാറി.

chandrika: