തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ സഹായങ്ങള്‍ തേടി കേരളം. ഇതു പ്രകാരം സേനയുടെ മൂന്ന് സംഘങ്ങള്‍ കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നേരത്തെ കനത്ത മഴ കണക്കിലെടുത്ത് ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു സംഘങ്ങള്‍ കൂടി വരുന്നത്.
അതേ സമയം, മഴ ശക്തമാകുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഏഴ് ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ക്ക് പുറമെ മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ. പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗര്‍ ഡാം ഉച്ചക്ക് മൂന്നിന് തുറക്കും. പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്.