തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷത്തിനൊപ്പം പലയിടങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമായി. ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമ്പോള്‍ വിഴിഞ്ഞത്ത് നിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കിടങ്ങൂരില്‍ കാവാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി.കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് അതുല്‍ കൃഷ്ണ(17) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.കോഴിക്കോട് മുക്കം കല്ലുരുട്ടി കനത്ത മഴയില്‍ കല്ലുരുട്ടി സ്വദേശി സജിതയുടെ വീട് തകര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ കാസര്‍കോഡ് മധുര്‍ പഞ്ചായത്തിലെ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.
ഇടുക്കി ജില്ലയിലെ കീരിത്തോട് പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി. കനത്തമഴയില്‍ ശനിയാഴ്ച്ച രാവിലെ 11.30 നാണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ ഇഞ്ചത്തൊട്ടിമലയില്‍ നിന്നും ഉത്ഭവിച്ച ഉരുള്‍ ഒരുകിലോമീറ്ററോളം താഴെ പെരിയാറ്റിലേക്ക് പതിക്കുകയായിരുന്നു. പുതയത്തുമോളേല്‍ ബിജു, കരിമുണ്ടയില്‍ വിനോദ്, കണ്ണന്‍കര സോമന്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍ പൊട്ടിലിനെ തുടര്‍ന്ന് കനത്ത കൃഷിനാശവും സംഭവിച്ചു.
കാസര്‍ഗോഡ് കരിന്തളം വില്ലേജില്‍ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറു ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരാണുള്ളത്. തൃശ്ശൂരില്‍ കനത്ത മഴയില്‍ വീടും കിണറും ഇടിഞ്ഞു താഴ്ന്നു, കോട്ടയം മുണ്ടക്കയം വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആല്‍മരം മറിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയുടെ മലയോര തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
മഴ ശക്തമായതോടെ പമ്പ നദിയിയിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടനത്തിനായി പമ്പയില്‍ എത്തുന്നവര്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്. മണിയാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാം ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കോട്ടയം ജില്ലയിലും കനത്ത മഴ തുടരുന്നു. കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമായതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കനത്തതോടെ അടുത്ത ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇടുക്കി,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ എന്നിവിടങ്ങില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ ,തൃശ്ശൂര്‍, മലപ്പുറം,വയനാട് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് അര്‍ധരാത്രി വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് തീരത്ത് വരെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചത്. തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Tags: Rain kerala