വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കണ്ണൂരും കാസര്‍കോടും ഇന്ന് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം.
ദുര്‍ബലമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറി. അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ കേരളത്തിനും കര്‍ണാടകത്തിനും മുകളിലൂടെ അറബിക്കടലില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മലപ്പുറം, ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കാസര്‍കോട് ജില്ലയില്‍ കനത്ത മഴയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ ഉച്ചമുതലാണ് ശക്തമായ മഴ തുടങ്ങിയത്.