കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. രാത്രിയില്‍ മഴ ശക്തമാവാന്‍ സാധ്യതയുണ്ടെന്നും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ കരുതിയിരിക്കണമെന്ന് നിര്‍ദ്ദേശം.
ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്ടും ഇടുക്കിയിലും ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. അഞ്ചു ദിവസം കൂടി മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മലയോര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കിയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്. ഇടുക്കി അണക്കെട്ടില്‍ 80 ശതമാനം വെള്ളമുണ്ട്. പതിനാലു അടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും. പാലക്കാട് പോത്തുണ്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഏത് സമയത്തും തുറന്നേക്കാം.ഗായത്രിപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നിലവില്‍ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. വയനാട് ബാണാസുര സാഗര്‍ ഡാമില്‍ കണ്‍ട്രോള്‍ റൂം തുറന്നു.