X

കനത്ത മഴ; വെള്ളം കയറുന്നത് അപകടരമായ നിലയില്‍, ട്രെയിനുകള്‍ക്കും നിയന്ത്രണം

 

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ) സാധ്യത ഉണ്ടെന്നാണു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിലേക്കു ബാധകമാകുന്ന മുന്നറിയിപ്പാണിത്.

കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായി ജനങ്ങളും. മഴയില്‍ അല്‍പ്പം കുറവുണ്ടായെങ്കിലും വെള്ളപ്പൊക്കം കുറയുന്നില്ല. വീടുകളിലും കടയ്ക്കുള്ളിലുമടക്കം വെള്ളം നിറഞ്ഞ സ്ഥിതിയാണുള്ളത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പതിനാറു വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍. ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്.

chandrika: