X

കനത്ത മഴ ചൊവ്വാഴ്ച വരെ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയില്‍ കോഴിക്കോട് മാനാഞ്ചിറ റോഡില്‍ വെള്ളം കയറിയ നിലയില്‍ (ചിത്രം: സി.കെ തന്‍സീര്‍)

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രക്കും നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപാനങ്ങള്‍ക്കും, കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വിവിധ ജില്ലാ കലക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് പ്രോഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എംജി സർവ്വകലാശാലയും കുസാറ്റും തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു.

സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 19 നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത 7 മുതല്‍ 11 സെ.മി വരെ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ മഴ തുലാവര്‍ഷത്തിന്റെ തുടക്കമല്ല. തുലാവര്‍ഷം ഒക്ടോബര്‍ പകുതിയോടെയാണ് തുടങ്ങുക.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ശക്തമായ മേഘസാന്നിധ്യമാണ് മഴക്ക് കാരണമായത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഴക്കെടുതിയെ നേരിടാന്‍ കേരളം ഒരുങ്ങി. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്കി. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

chandrika: