X

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ഫയല്‍ ചിത്രം

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയിട്ടുണ്ട്. ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെത്തും. അതിന് മുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കടലില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം, കന്യാകുമാരി, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. ഇവിടങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. അതിനാല്‍ ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മീന്‍പിടിത്തം ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടാനിടയുള്ളതിനാല്‍ മലയോര മേഖലയിലേക്ക് രാത്രിയാത്ര നിയന്ത്രിക്കണമെന്നും കടല്‍ത്തീരത്തും പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

chandrika: