ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) നാളെ (ജൂലൈ 23ന്) ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.അംഗന്‍വാടി വര്‍ക്കേഴ്‌സ് , അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ അവധി ബാധകമല്ല.
കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.
കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23 ന്) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ) ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധി ആയിരിക്കും. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം കാലവര്‍ഷം ശക്തമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.