പെരിന്തല്‍മണ്ണയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മേലെ മണ്ണിടിഞ്ഞു വീണു. പെരിന്തല്‍മണ്ണയില്‍ പട്ടാമ്പി റോഡിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഒരു സ്‌കൂട്ടറും ലോറിയും മണ്ണിനടിയിലായി. ഈ സമയത്ത് സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടത്തില്‍ നിന്ന് രക്ഷയയായി.
മേലാറ്റൂരില്‍ മഴയില്‍ തെങ്ങ് കടപുഴകി വീണു വീടിനു നാശം. എടപ്പറ്റ ആലുംകുന്നിലെ മുട്ടു പാറ സലാമിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ചുമര്‍ പൊട്ടി പൊളിഞ്ഞു. ജലസംഭരണിയും തകര്‍ന്നു.
പാണ്ടിക്കാട് കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണ് വീടിനു നാശം. പാണ്ടിക്കാട് മൊഴക്കല്ലിലെ കുന്നുമ്മല്‍ കുഞ്ഞി മുഹമ്മദിന്റെ വീട്ടിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം ഓട് തകര്‍ന്നു. പട്ടിക ഇരുമ്പു കമ്പിയായതിനാല്‍ പൊട്ടിവീഴാതെ നില്‍ക്കുകയായിരുന്നു.
ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.