X

ഹിമാചലില്‍ തീവ്രമഴ തുടരുന്നു; മരണസംഖ്യ 50 കടന്നു; റെഡ് അലര്‍ട്ട്

പ്രളയദുരിതത്തില്‍ വലയുന്ന ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴ പെയ്യുമെന്ന മുന്നറിയിപ്പില്‍ പകച്ചിരിക്കുകയാണു ജനം. സോലന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ 50 പിന്നിട്ടു.

പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, സിക്കിം സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തിയേറിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പേമാരിയില്‍ ബിയാസ് നദി കരകവിഞ്ഞതാണു ഹിമാചലില്‍ പ്രളയസമാന സാഹചര്യം സൃഷ്ടിച്ചത്. മഴയും മണ്ണിടിച്ചിലും കണക്കിലെടുത്തു സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

തകര്‍ന്നുപോയ ഷിംല-കല്‍ക്ക ഹൈവേ നന്നാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കല്‍ക്ക-ഷിംല റെയില്‍പാളം മഴയില്‍ ഒലിച്ചുപോയിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ 752 റോഡുകള്‍ അടച്ചിട്ടു. നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍നിന്നും മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു റിപ്പോര്‍ട്ട് തേടി. ജനം വീടുകളില്‍തന്നെ തുടരണമെന്നു നിര്‍ദേശിച്ച സുഖു, സ്വാതന്ത്ര്യദിന പരിപാടികള്‍ മിതപ്പെടുത്തിയെന്നും അറിയിച്ചു.

ഷിംലയിലെ സമ്മര്‍ ഹില്‍ മേഖലയില്‍ ശിവക്ഷേത്രം തകര്‍ന്ന് 15 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വിവരം. സോലനിലെ ജാഡന്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഫാഗ്‌ലി മേഖലയിലും നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെയും മണ്ണിനടിയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.

webdesk13: