തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബുധനാഴ്ച മുതല്‍ നാലു ദിവസം മഴ വീണ്ടും കനക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റിയത്.
അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നിലവില്‍ കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്ട്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.