തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വ്യാഴാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 204 മില്ലിമീറ്ററില്‍ കൂടുതല്‍ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ നെ
ടുമ്പൊയിലിലും കോട്ടയം മൂന്നിലവ് മങ്കൊമ്പിലും ഉരുള്‍പൊട്ടി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. കൊച്ചി നഗരത്തിന്റെ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് പലയിടങ്ങളിലായി 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 പേരെ മാറ്റിപാര്‍പ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘങ്ങള്‍ സംസ്ഥാനത്തെത്തി.
അപകടസാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് മലയോരമേഖലയിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കലക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും റവന്യൂ മന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.മഴ ശക്തമായതോടെ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.