റിയാദ്: സൗദി അറേബ്യയെ ദുരിതത്തിലാഴ്ത്തി ശക്തമായ മഴയും വെള്ളപ്പാച്ചിലും. ശനിയാഴ്ച തുടങ്ങിയ മഴയും വെള്ളപ്പാച്ചിലും ഇനിയും ശമിച്ചിട്ടില്ല. മഴ ശക്തമായതിന് പിന്നാലെ നിരവധി ഡാമുകൾ തുറന്നു. ശക്തമായ വാദികളിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടു. വാഹനങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തി. പലപ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്.
തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. ഈ മേഖലയിലെ അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായിരിക്കുന്നത്. ഇവിടെ ബൽജുറഷിയിൽ ഒഴുക്കിൽപ്പെട്ട ഒരു വാഹനത്തിൽനിന്ന് അഞ്ച് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിലാണ് അഞ്ച് പേർ സഞ്ചരിച്ച വാഹനം മുങ്ങി ഒഴുകിയത്. ബൽജുറഷിയിലെ റെസ്ക്യു ടീം ഉടൻ സംഭവസ്ഥലത്ത് എത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ അഞ്ചു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചു. മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിൽ ഒരു വാഹനം ഒഴുകിപ്പോയതായും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതായും റിപ്പോർട്ടുണ്ട്. കുലംകുത്തി പായുന്ന വെള്ളത്തിൽ കാർ ഒഴുകിപ്പോകുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മുൻകരുതലെന്നോണം മഴയെ തുടർന്ന് അൽ ബാഹ, ഹസ്‌ന, ഖൽവ, അൽ അബ്‌നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
നിറഞ്ഞുകവിയാൻ തുടങ്ങിയതോടെ അൽ ബാഹ പ്രവിശ്യയിലെ 15 ഡാമുകൾ തുറന്നുവിട്ടു. ജിസാൻ മേഖലയുടെ ചിലഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. തെക്കൻ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബിൽ വെള്ളത്തിൽ മുങ്ങിയ ഒരു കുടുംബത്തെ രണ്ട് യുവാക്കൾ രക്ഷപ്പെടുത്തി. പിതാവും കുഞ്ഞും ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബമാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. പ്രദേശവാസികളായ ഹസൻ ജാബിർ അൽസലമി, അബ്ദുല്ല യഹ്‌യ അൽസലമി എന്നീ യുവാക്കളാണ് രക്ഷകരായത്. ഇവർ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുന്നതിൽനിന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ യുവാക്കൾ കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചു. പിന്നീട് സിവിൽ ഡിഫൻസ് ടീം എത്തി ആളപായം കൂടാതെ കുടുംബത്തെ രക്ഷപ്പെടുത്തുകയും ഇവരുടെ വാഹനം കണ്ടെടുക്കുകയും ചെയ്തു.