കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്‍ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ് പേരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇടിമിന്നലേറ്റാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. എന്നാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രധാനമന്ത്രിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും മറിച്ച് ഗുജറാത്തിന്റെ മാത്രമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാളെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ട്.