X

ഡല്‍ഹിയില്‍ കനത്ത ചൂട്; 50 പേരുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത ചൂട് വില്ലനാകുന്നു. 48 മണിക്കൂറിനിടെ ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര്‍ മരിച്ചതെന്ന് പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യാഗേറ്റ് സമീപത്തെ കുട്ടികളുടെ പാര്‍ക്കിലാണ് ബുധനാഴ്ച്ച 55 കാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ജൂണ്‍ 11 മുതല്‍ 19 വരെ പാര്‍പ്പിടമില്ലാത്ത 192 വയോധികര്‍ ഉഷ്ണ തരംഗത്തില്‍ കൊല്ലപ്പെട്ടെന്ന് എന്‍ജിഒ സംഘടനയായ സെന്റര്‍ ഓഫ് ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് മരണപ്പെട്ടവരില്‍ നിരവധി പേര്‍ക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രസര്‍ക്കാരിന്റെ ആര്‍എംഎല്‍ ആശുപത്രിയില്‍ 22 പേരാണ് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും 13 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുകയുമാണ്.

webdesk14: