X
    Categories: Newsworld

യുക്രെയ്‌നിലെ മരിയുപോള്‍ സ്റ്റീല്‍ പ്ലാന്റില്‍ കനത്ത പോരാട്ടം

കീവ്: യുക്രെയ്‌നിലെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റില്‍ കനത്ത പോരാട്ടം നടക്കുന്നതായി മരിയുപോള്‍ മേയര്‍. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്‌നിയന്‍ സൈന്യം തങ്ങളുടെ ചെറുത്ത് നില്‍പ്പ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീല്‍ പ്ലാന്റില്‍ അഭയം തേടിയ നിരവധി സാധാരണക്കാരെ ഒഴപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടായതെന്നും ഇതിനെ ചെറുത്തു തോല്‍പിക്കാനുള്ള ശ്രമം യുക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലാന്റില്‍ നിന്നും രക്ഷനേടാന്‍ കാത്തിരിക്കുന്ന നിരവധി സിവിലിയന്‍മാര്‍ക്കിടയില്‍ 30 ഓളം പേര്‍ കുട്ടികളാണെന്നും മേയര്‍ വാഡിം ബോയ്‌ചെങ്കോ വാര്‍ത്താചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേ സമയം രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ സോവിയറ്റ് യൂണിയന്റെ വിജയത്തെ അനുസ്മരിക്കുന്ന മെയ് 9 ന് യുക്രെയ്‌നെതിരെ കടുത്ത യുദ്ധം പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളെ ക്രെംലിന്‍ തള്ളി. മെയ് 9 ന് ഔപചാരിക യുദ്ധ പ്രഖ്യാപനം എന്നൊന്നില്ലെന്നും ക്രെംലിന്‍ വക്താവ് വ്യക്തമാക്കിയത്. യുക്രെയ്‌നിലെ റഷ്യയുടെ ഇതുവരെയുള്ള അധിനിവേശത്തെ പ്രത്യേക സൈനിക നടപടി എന്നായിരുന്നു ഇതുവരെ വിശേഷിപ്പിച്ചിരുന്നത്.

യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കരിങ്കടലില്‍ യുക്രെയ്‌നിന്റെ അന്തര്‍വാഹിനിക്ക് നേരെ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി റഷ്യ അവകാശപ്പെട്ടു. കരിങ്കടലില്‍ തന്നെയുള്ള റഷ്യന്‍ അന്തര്‍വാഹിനിയില്‍ നിന്നാണ് രണ്ട് കലിബര്‍ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുത്. ലക്ഷ്യ സ്ഥാനത്ത് പതിച്ചതായും അവര്‍ അവകാശപ്പെട്ടു.

Test User: