ലണ്ടന്‍: യൂറോപ്പിലെ മിക്ക രാജ്യങ്ങളും കൊടു തണുപ്പില്‍ വിറക്കുന്നു. പല രാജ്യങ്ങളിലും മൈനസ് ഡിഗ്രി തണുപ്പാണ് അനുഭവപ്പെടുന്നത്. ശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം 58 ആയി ഉയര്‍ന്നു.
അയര്‍ലന്‍ഡില്‍ ശൈത്യകാറ്റിനെ തുടര്‍ന്ന് വ്യോമ, റോഡ്, റെയില്‍ ഗതാഗതം ഏറെക്കുറെ തടസ്സപ്പെട്ടിരിക്കുകയാണ്. 24,000 ഭവനങ്ങളില്‍ വൈദ്യത ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്. മഞ്ഞ് വീഴ്ചയും ഐസും കാരണം പോളണ്ടില്‍ ഇതുവരെ 21 പേരാണ് മരിച്ചത്.
റോഡരികിലും മറ്റും അന്തിയുറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈനസ് 15 ഡിഗ്രിയാണ് പോളണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോളണ്ടിനു പുറമെ സ്ലോവാക്യയില്‍ ഏഴു പേരും ചെക് റിപ്പബ്ലിക്കില്‍ ആറു പേരും ഇതിനോടകം മരിച്ചിട്ടുണ്ട്.
ലിത്വാനിയയില്‍ ഏഴു പേരും നാലു പേര്‍ ഫ്രാന്‍സിലും, മൂന്നു പേര്‍ക്ക് സ്‌പെയിനും ശൈത്യം കാരണം ജീവന്‍ നഷ്ടമായി, സെര്‍ബിയ, ഇറ്റലി, സ്ലോവേന്യ, റൊമാനിയ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും, യു.കെ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും ശൈത്യം കാരണം മരിച്ചതായാണ് റിപ്പോര്‍ട്ട്. തണുത്തുറഞ്ഞ കാലവസ്ഥയെ യൂറോപ്പിലെ പല രാജ്യങ്ങളിലും പല പേരിലാണ് വിളിക്കുന്നത്. ബ്രിട്ടനില്‍ ബീസ്റ്റ് ഫ്രം ഈസ്റ്റെന്നും, ഡച്ചുകാര്‍ സൈബീരിയന്‍ ബിയറെന്നും സ്വീഡന്‍കാര്‍ സ്‌നോ കാനനെന്നുമാണ് വിളിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ തണുപ്പിന് പുറമെ എമ്മാ കൊടുങ്കാറ്റും ദുരിതം വിതക്കുന്നുണ്ട്.
മഞ്ഞു വീഴ്ച കാരണം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. മധ്യ ഇറ്റലിയില്‍ റോഡില്‍ ഐസ് കട്ടകള്‍ നിറഞ്ഞതിനാല്‍ റോഡ് ഗതാഗതം നിലച്ച സ്ഥിതിയാണ്. ഭവന രഹിതരായവര്‍ക്ക് വേണ്ടി പല രാജ്യങ്ങളും അടിയന്തര അഭയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേ സമയം അടുത്ത രണ്ടു ദിവസത്തിനകം ശൈത്യത്തിന്റെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്.