ന്യൂഡല്‍ഹി: ചൂട് കനത്തതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, യു.പി, ഒഡിഷ എന്നിവിടങ്ങളിലാണ് അത്യുഷ്ണത്തിന് സാധ്യതയുള്ളത്. ഇവിടങ്ങളില്‍ ഉയര്‍ന്ന താപനില 45 ഡിഗ്രിയിലെത്തിയിട്ടുണ്ട്.
സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയില്‍ കൂടുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണ തരംഗസാധ്യതയുണ്ടാകുന്നത്. സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5- 6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാക്കുന്നു.
കൂടാതെ, ഒരു പ്രത്യേക പ്രദേശത്തിന്റെ താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ആകുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു.