X
    Categories: indiaNews

ഉഷ്ണതരംഗ മരണങ്ങള്‍; യോഗിയുടെ യുപിയില്‍ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; വരാന്തകളില്‍ തള്ളി- ; വീഡിയോ

ഉഷ്ണതരംഗ മരണങ്ങള്‍ വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ നിറഞ്ഞ് യു.പിയിലെ കാണ്‍പൂര്‍ മോര്‍ച്ചറി. ഉത്തര്‍പ്രദേശിലെ ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ഉഷ്ണതരംഗ മരണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.

ഇത്രയധികം മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ മോര്‍ച്ചറികളിലില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൃതദേഹം അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഉഷ്ണതരംഗം മൂലമുണ്ടായ മരണങ്ങള്‍ ശ്മശാനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മോര്‍ച്ചറിയുടെ വരാന്തയില്‍ നിരത്തിക്കിടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും മോര്‍ച്ചറികളിലില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.

കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം കാണ്‍പൂരിലേക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യാനായി അയക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 48 മണിക്കൂറിനുള്ളില്‍ 57 മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ എത്തിയത്. ഒരു മൃതദേഹം 72 മണിക്കൂര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതിനാല്‍ ഇത് വലിയ തോതിലുള്ള സ്ഥലപരിമിതിയിലേക്ക് നയിച്ചു.

അതിനാല്‍ മൃതദേഹങ്ങള്‍ തുറസ്സായ പ്രദേശത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു . മെയ് 31ന് മാത്രം രാജ്യത്ത് ഉഷ്ണതരംഗം മൂലം 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 17 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 25 പേരാണ് ഉഷ്ണതരംഗം മൂലം മരണപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും മിര്‍സാപൂരിലുമായി തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള 15 ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 1,300ല്‍ അധികം ആളുകള്‍ സൂര്യാഘാതമേറ്റ് ആശുപത്രിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉഷ്ണതരംഗം വലിയ വെല്ലുവിളിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിമുറുക്കുമ്പോള്‍ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കാനും, കഴിവതും വെയിലേല്‍ക്കുന്നത് കുറക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

webdesk13: