പൊള്ളുന്ന ചൂടാണ്. പുറത്തിറങ്ങിയാല്‍ ദേഹത്തണിഞ്ഞ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ. ഉപയോഗിക്കാതെതന്നെ മൊബൈല്‍ ഫോണ്‍ ചൂടാകുന്നു. വാഹനങ്ങള്‍ 10 മിനിറ്റ് വെയിലില്‍ നിര്‍ത്തിയിട്ടാല്‍ പിന്നെ സ്റ്റിയറിങ്ങില്‍ പിടിക്കാനാവില്ല. വെയിലില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ പിന്നീട് എസി ഇട്ട് തണുപ്പിക്കാന്‍ സമയമെടുക്കും. മലയോരത്ത് കഴിഞ്ഞ 2 ദിവസത്തെ അപേക്ഷിച്ച് താപനില അല്‍പം കുറഞ്ഞ ചൂട് അസഹ്യമായതിനാല്‍ ആളുകള്‍ ടൗണിലിറങ്ങിയത് കൂടുതലും ഉച്ചയ്ക്ക് മുന്‍പായിരുന്നു. നട്ടുച്ച സമയത്ത് ടൗണ്‍ വിജനമാവുന്നു.
പച്ചപ്പുല്ലില്ല; പാലുല്‍പാദനം കുറഞ്ഞു;
കടുത്ത ചൂടില്‍ പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞത് ക്ഷീര കര്‍ഷകരെ വെട്ടിലാക്കുന്നു. 2 മാസമായി തുടരുന്ന കടുത്ത ചൂട് മൂലം പാല്‍ പകുതിയായി കുറഞ്ഞതായി കര്‍ഷകര്‍. സാധാരണ നല്‍കുന്ന തീറ്റ നല്‍കിയിട്ടും ഉല്‍പാദനം കുറഞ്ഞതോടെ വരുമാനത്തില്‍ വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. 12 ലീറ്റര്‍ പാല്‍ ലഭിച്ചിരുന്ന പശുക്കള്‍ക്ക് 7 ലീറ്റര്‍ വരെയായി കുറഞ്ഞു. വേനല്‍ കടുത്തതോടെ പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. ഇതുമൂലം വൈക്കോല്‍ മാത്രം നല്‍കേണ്ടി വരുന്നു. കടുത്ത ചൂടില്‍ പശുക്കള്‍ കുഴഞ്ഞു വീഴുന്നതും പതിവായി. പലരും തൊഴുത്തുകളില്‍ ഫാന്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് ചൂടിനെ മറികടക്കുന്നത്.
ഇതുമൂലം വൈദ്യുതി ബില്ലിലും വര്‍ധന ഉണ്ടാകുന്നു. കാലിത്തീറ്റ വില വര്‍ധന മൂലം ബുദ്ധിമുട്ടുന്ന ക്ഷീര കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് നിലവിലെ സ്ഥിതി. കുഴഞ്ഞു വീഴുന്ന പശുക്കളെ പിന്നീട് കൗ ലിഫ്റ്റ് ഉള്‍പ്പെടെ എത്തിച്ച് ഉയര്‍ത്തി പഴയപടി ആക്കാന്‍ മാസങ്ങള്‍ വേണ്ടി വരും. അകിടു വീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളും അലട്ടുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ ശുദ്ധജലം ധാരാളം നല്‍കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍. നനഞ്ഞ ചാക്ക് ഇടയ്ക്കിടെ ദേഹത്ത് ഇട്ടു നല്‍കണം. വെയിലില്‍ പശുക്കളെ മേയാന്‍ വിടരുതെന്നും നിര്‍ദേശമുണ്ട്.