X

സംസ്ഥാനത്ത് ചൂടു കൂടുന്നതിന് പിന്നിലെന്ത്?; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുവര്‍ധിക്കുന്നിനെ തുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ചൂടുകൂടുന്നതിന് പിന്നില്‍ ഇക്വിനോക്‌സ് പ്രതിഭാസമാണെന്ന നിഗമനവും സജീവമായിട്ടുണ്ട്. ഭൂമധ്യരേഖക്കുനേരെ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഇക്വിനോക്‌സ്. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെയെത്തുന്നത്. ഇതുകൊണ്ടാണ് ഉത്തരദിക്കില്‍ ചൂട് കൂടുന്നതിന് കാരണം. സാധാരണയായി മാര്‍ച്ച് 21നും 26നും മധ്യേയുള്ള തീയതികളിലാണ് ഇങ്ങനെ സംഭവിക്കുക. ഇതിന്റെ തുടര്‍ച്ചയാണ് കടുത്ത ചൂട് നിലനില്‍ക്കുന്നതെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

ഇന്നലെ മാത്രം സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് മൂന്നുപേര്‍ മരിച്ചത്. ഞായറാഴ്ച്ച കൊല്ലത്ത് നാലുപേര്‍ക്കും പത്തനംതിട്ടയില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, മലപ്പുറം കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും സൂര്യതാപമേറ്റു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

chandrika: