തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ആലപ്പുഴയില്‍ മാത്രമായി ഇന്ന് 14 പേര്‍ക്ക് പൊള്ളലേറ്റു. ഇടുക്കിയിലും കോഴിക്കോടുമായി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കേരളത്തില്‍ മൊത്തമായി ഇന്ന് 23 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, സൂര്യാതപ മുന്നറിയിപ്പ് നീട്ടുമെന്നാണ് സൂചന.പാലക്കാട് ഇന്നും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
വേനല്‍ മഴ ഉടന്‍ പെയ്യില്ലെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും. ആലപ്പുഴ ജില്ലയില്‍ അംഗനവാടികള്‍ക്ക് ഏപ്രില്‍ ആറുവരെ അവധി പ്രഖ്യാപിച്ചു.
ഇടുക്കിയില്‍ രാജാക്കാട് സ്വദേശി ബിനു എന്ന കര്‍ഷകനാണ് സൂര്യാതപമേറ്റത്. കോഴിക്കോട് മുക്കത്ത് 2 പേര്‍ക്ക് പൊള്ളലേറ്റു. ചേന്നമംഗല്ലൂര്‍ സ്വദേശി ഇല്യാസിന് പാടത്ത് വച്ച് കഴുത്തിലാണ് പൊള്ളലേറ്റത്. പൊയില്‍ സ്വദേശി വര്‍ക്കിക്ക് റോഡിലൂടെ നടന്നു പോകുമ്പോഴാണ് സൂര്യാതപമേറ്റത്. ഇരുവരെയും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 29 വരെ സൂര്യാതപ മുന്നറിയിപ്പ് നീട്ടി. കൂടുതല്‍ ദിവസത്തേക്ക് നീടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.