കീവ്: റഷ്യ യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയിട്ട് 42 ദിവസം പിന്നിടുമ്പോള്‍ ഹൃദയഭേദകമായ കാഴ്ചയാണ് യുക്രെയ്‌നില്‍ കാണാന്‍ കഴിയുന്നത്. ഭീതിജനകമായ സാഹചര്യമാണ് യുക്രെയ്‌നില്‍ ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയോടെയാണ് യുക്രെയ്ന്‍ ജനത ഓരോ ദിവസവും കഴിയുന്നത്. അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് അമ്മമാര്‍. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിവ.
തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ അതിജീവിതയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണം, പുറത്ത് മേല്‍വിലാസം എഴുതിയ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രെയ്‌നിലെ ഒരു യുവതി ട്വീറ്റ് ചെയ്തു. കുട്ടിയുടെ ജനനതിയതി, കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കുവച്ചത്.
യുദ്ധത്തിന്റെ യാഥാര്‍ഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്‌നിലെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിനോടകം ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും പറയാന്‍ വാക്കുകളില്ലെന്നും ചിത്രം പങ്കുവച്ച് നിരവധി പേര്‍ കുറിച്ചു. യുക്രെയ്‌നിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.