X

ഹൃദയഭേദകം വയനാട്: ഒരേ മണ്ണില്‍ മടക്കം; തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയില്‍ അന്ത്യവിശ്രമം. ശരീരഭാഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനകളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. പേരറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് ഇവിടെ സംസ്‌കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.

ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞില്ലെങ്കില്‍ അജ്ഞാത മൃതദേഹമായി കണ്ട് സംസ്‌കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.

ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ 91 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇന്നും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏഴാം ദിവസവും മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.

ബെയ്ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിലാണ് തുടരുന്നത്. റഡാറുകള്‍ ഉള്‍പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തും. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.

webdesk13: