X

പാപമോചനത്തിലൂടെ ഹൃദയത്തിളക്കം-റാശിദ് ഗസ്സാലി

റമസാന്‍ എന്ന പദത്തിന് കരിച്ച്കളയുക എന്നൊരര്‍ത്ഥമുണ്ട്. പാപക്കറ പുരണ്ട ഹൃദയങ്ങളെ ശുദ്ധീകരിച്ച് അറിഞ്ഞും അറിയാതെയും വന്നുപോയ പാപങ്ങളെ കരിച്ചുകളയുന്ന പവിത്രമായ നാളുകള്‍ എന്ന് ചുരുക്കം. പാപമോചനത്തിന്റെ പത്ത് ദിനങ്ങള്‍ കൂടി വിടപറയുമ്പോള്‍ ലക്ഷ്യം നേടാന്‍ നമുക്കായോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഓരോ ദിനവും ഓരോരോ പാപങ്ങള്‍ മനസകങ്ങളില്‍ നിന്ന് അലിഞ്ഞില്ലാതാവുന്ന അനുഗ്രഹീത സൗഭാഗ്യമാണ് വിശ്വാസികള്‍ക്ക് വ്രതനാളുകള്‍.

തെറ്റുകള്‍ മറക്കുക, പൊറുക്കുക എന്നത് നമ്മുടെ ശീലം കൂടിയാവേണ്ടതാണ്. സര്‍വശക്തന്റെ പ്രത്യേകത തന്നെ ഒരിക്കല്‍ പൊറുത്തുകൊടുത്താല്‍ അതുവരെയുള്ളതിന്റെ കണക്കുകള്‍ പിന്നീട് ഓര്‍ക്കുകയോ പറയുകയോ ചെയ്യില്ല എന്നതാണല്ലോ. കോടതികളും സമൂഹമനസാക്ഷിയും പൊതുവെ പൊറുത്താലും പലതും മറക്കാറില്ല. സമാനമായത് വീണ്ടും സംഭവിച്ചാല്‍ മുന്‍കാലങ്ങളിലെ കുറ്റങ്ങള്‍ ഒരു സൂചകമായി വീണ്ടും ചര്‍ച്ചയാവുക സ്വാഭാവികമാണ്. എന്നാല്‍ പാപമോചനത്തിന്റെ അസുലഭ നിമിഷങ്ങള്‍ ഒരുവനെ തഴുകി തലോടിയാല്‍ പിന്നീടൊരിക്കലും നാഥന്റെ മുന്നില്‍ മോശക്കാരനും കുറ്റക്കാരനും ആകുന്ന പ്രശ്‌നമേയില്ല. ഖേദബോധവും തിന്മയിലേക്ക് മടക്കമില്ലെന്ന പ്രതിജ്ഞയും തന്നെയാണ് ഇതിനുള്ള പരിഹാരം.

തെറ്റുകള്‍ പറ്റാത്തവരായി ആരുമുണ്ടാവില്ലല്ലോ, പക്ഷേ അവ ആവര്‍ത്തിക്കാതിരിക്കാനും ചെയ്തവ ന്യായീകരിക്കാതിരിക്കാനും കഴിയണം. തിരുത്താന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കുകയുമരുത്. ഒരിക്കല്‍ പ്രവാചകന്റെ മുന്നില്‍ വന്നു ഒരു അനുചരന്‍ ചോദിച്ചു, ഞാന്‍ വ്യഭിചരിക്കുകയും മദ്യപിക്കുകയും മോഷണം നടത്തുകയുമൊക്കെ ചെയ്തവനാണ്. തെറ്റുകള്‍ ചെയ്തു കൂട്ടിയതിനു ഒരു കണക്കുമില്ല. എനിക്ക് നാഥന്‍ പൊറുത്തു തരുമോ?

പ്രവാചകരും കൂടെയുള്ളവരും തനിക്കിത് ചോദിക്കാന്‍ എങ്ങനെ ധൈര്യം വരുന്നു എന്ന മട്ടില്‍ നോക്കിയപ്പോള്‍ ആ മനുഷ്യന്റെ മറുപടി അങ്ങ് പലതവണ പറയുന്നത് കേട്ടിട്ടുണ്ട്. അള്ളാഹു പൊറുക്കുന്നവനാണ് കരുണയുള്ളവനാണ് എന്നൊക്കെ. ഞാന്‍ അത് പൂര്‍ണമായി വിശ്വസിച്ച് കൊണ്ടാണ് ചോദിക്കുന്നത് എന്റെ നാഥന്‍ എനിക്ക് പൊറുത്ത് തന്നു കരുണ കാണിക്കാതിരിക്കില്ല. അപ്പോള്‍ പ്രവാചകര്‍ പ്രതിവചിച്ചു, സ്‌നേഹിതാ പടച്ച തമ്പുരാനെ കുറിച്ചു നല്ലത് വിചാരിക്കുകയും പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്ന ഒരാളെ അവന്‍ നിരാശനാക്കുകയില്ല, കാരണം അവന്‍ അടിമയുടെ മുമ്പില്‍ മോശക്കാരനാകാന്‍ ഇഷ്ടപ്പെടില്ല. നന്നാവാന്‍ കൊതിക്കുന്ന വിശ്വാസിക്ക് മുന്നില്‍ കരുണയാല്‍ പൊതിയുന്ന സ്‌നേഹനിധിയായ നാഥന്റെ എത്ര മധുരതരമായ രൂപമാണിത്.

എന്നിട്ടും അവനിലേക്ക് മടങ്ങാതെ വീഴ്ചകളില്‍ നിന്ന് പൊറുക്കലിനെ തേടാതെ അലസമായി ഒഴുകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ വ്രതനാളുകളില്‍ മനമുരുകി പ്രാര്‍ഥിക്കുകയും മനസും ശരീരവും കളങ്കരഹിതമാക്കി ശുദ്ധീകരിക്കുകയും ചെയ്ത് പ്രതിഫലേച്ഛയോടെ സുകൃതങ്ങള്‍ ചെയ്ത് ജയിച്ചു കയറാനാവണം നമ്മുടെ അതിയായ ശ്രമം.

Chandrika Web: