X

അമിത ശബ്ദം മൂലം സൃഷ്ടിക്കപ്പെടുന്ന കേള്‍വിത്തകരാറുകള്‍

ഡോ. അബ്ദുള്‍ അസീസ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ മൂന്നാം തിയ്യതി ലോക കേള്‍വി ദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകാരോഗ്യ സംഘടന ഓരോ ആശയം ഇതിന്റെ ഭാഗമായി പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ സന്ദേശം ‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, സൂക്ഷ്മതയോടെ കേള്‍ക്കുക’ എന്നതാണ്. വലിയ ശബ്ദം തുടര്‍ച്ചയായി ശ്രവിക്കുന്നത് മൂലമുള്ള കേള്‍വി നഷ്ടത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് ഈ സന്ദേശം പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്.

വലിയ യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ (ഉദാഹരണം ലോറി, ബസ്സ്, ഓട്ടോറിക്ഷ മുതലായവയുടെ ഡ്രൈവര്‍മാര്‍) തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ വലിയ ശബ്ദവുമായി ഇടപെടുന്നത് മൂലം കേള്‍വിത്തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ലോക കേള്‍വി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവരില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കേള്‍വി സംബന്ധമായ തകരാറുകള്‍ തിരിച്ചറിയാന്‍ സാധിച്ചു. സ്ഥിരമായി ഇടപഴകുന്ന മേഖലയായതിനാല്‍ അവരില്‍ ഭൂരിഭാഗം പേരും ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞവരും, കേള്‍വി സംബന്ധമായ തകരാറിന്റെ തുടക്കം തിരിച്ചറിയാന്‍ സാധിക്കാത്തവരുമായിരുന്നു.

യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം. അമിത ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ദീര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഇത് പെട്ടെന്നുള്ള തകരാറായല്ല പ്രത്യക്ഷപ്പെടുക മറിച്ച് വര്‍ഷങ്ങളോളം സമയമെടുത്താണ് ഇത്തരം അവസ്ഥകളിലേക്ക് എത്തിച്ചേരുക. ഡി ജെ പാര്‍ട്ടികളിലെയും മറ്റും ഉയര്‍ന്ന രീതിയിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദോഷകരമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങളിലൂടെ ഇത്തരം അവസ്ഥകളെ തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കേള്‍ക്കുന്നതില്‍ വ്യക്തതക്കുറവ് അനുഭവപ്പെടുക എന്നതാണ് പ്രധാന ലക്ഷണമായി തുടക്കത്തില്‍ കാണപ്പെടുന്നത്. ചിലരില്‍ ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന അനുഭവവും കാണപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തണം.
പ്രതിവിധി

ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിത്തകരാറിനെ പ്രതിരോധിക്കാനുള്ള ഏക പ്രതിവിധി എന്നത് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയോ, അമിത ശബ്ദമുള്ള അന്തരീക്ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ ചെയ്യുക എന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് സാധിച്ചു എന്ന് വരില്ല. തൊഴില്‍ പരമായ സാഹചര്യങ്ങളില്‍ അമിത ശബ്ദം കേള്‍ക്കുന്നവര്‍ ഇടയ്ക്ക് ശബ്ദമില്ലാത്ത അന്തരീക്ഷത്തിലേക്ക് മാറി നില്‍ക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ ഇ എന്‍ ടി ഡോക്ടറെ സന്ദര്‍ശിച്ച് ചെക്കപ്പ് നടത്തിയാല്‍ അസുഖം പ്രാരംഭ ദശയിലേ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിലെ പരിശോധനകളും, ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധനയും നിര്‍ബന്ധമായും നിര്‍വ്വഹിക്കുക. മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, ഡി ജെ മുതലായവയുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക എന്നതും പ്രധാനമാണ്.

Chandrika Web: