പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് സാഹചര്യം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്‍ നിന്നും പുറത്ത് പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.