X
    Categories: CultureMoreNewsViews

ശബരിമലയിലെ അസൗകര്യങ്ങള്‍ പൊലീസുകാരില്‍ ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

തിരുവനന്തപുരം : മണ്ഡലപൂജ-മകരവിളക്ക് സീസണോടനുബന്ധിച്ച് ശബരിമലയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ ഭക്ഷണ-വിശ്രമസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീഷണം. നവംബര്‍-ഡിസംബര്‍ കാലത്തെ മഞ്ഞും മഴയും വനമേഖലയിലെ പരിമിതികളും സഹിച്ച് പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്ന പൊലീസ് സേനാംഗങ്ങളുടെ അതിപ്രധാന ആവശ്യങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ മാനുഷിക പരിഗണനയോടെ പരിഹരിക്കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ പൊലീസ് മേധാവി രണ്ടാഴ്ച്ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊലീസുകാരുടെ ഡ്യൂട്ടി സമയത്തും യൂണിഫോമിലും വരുത്തിയ മാറ്റങ്ങള്‍ പുന:പരിശോധിക്കണമെന്ന ആവശ്യം നവംബര്‍ 20 ന് ശബരിമല സന്ദര്‍ശിച്ച കമ്മീഷന്‍ മുമ്പാകെ പൊലീസുമാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ഥലത്ത് തന്നെ ഇരിക്കാനും വിശ്രമിക്കാനും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍സ്റ്റബിള്‍മാര്‍ക്ക് നിലക്കലും പമ്പയിലും വിശ്രമസൗകര്യം അപര്യാപ്തമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കുറച്ചുപേര്‍ക്കുള്ള സൗകര്യങ്ങള്‍ ആയിരക്കണക്കിന് പേര്‍ ഉപയോഗിക്കുന്നു. ശുചിമുറികളില്‍ വെള്ളമില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു. ഒരാഴ്ച ഡ്യൂട്ടി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് കുടുംബവുമായി ഒത്തുചേരാന്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള അനുവദിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും ജോലിയിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സമയക്രമീകരണം ആവശ്യമാണ്. മെസ് ഹാളിലെ അപര്യാപ്തത കാരണം കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിയുന്നില്ല. ഭക്ഷണം ഒരുക്കുന്ന മെസ് പരിസരത്ത് ഡ്രൈനേജ് പൊട്ടിയൊലിക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നുവെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: