X

ഉറക്കം കുറഞ്ഞാല്‍ തടി കൂടുമോ?

എപ്പോഴും കിടന്നുറങ്ങിയാല്‍ വണ്ണം കൂടുമെന്ന് പലരും കേട്ടിട്ടുണ്ടാകാം. എന്നാല്‍ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉറക്കക്കുറവ് വിശപ്പ് വർധിക്കുന്നതിലേയ്ക്കും, തളർച്ച, ക്ഷീണം എന്നിവയിലേയ്ക്കും നിങ്ങളെ നയിക്കുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്‍റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്.

അതുപോലെ തന്നെ, ഉറക്കക്കുറവ് മൂലം ക്ഷീണിതരാകുമ്പോൾ ഊർജ്ജക്കുറവ് ഉണ്ടാകാം. തന്മൂലം നിങ്ങൾ ശാരീരിക പ്രവർത്തനങ്ങളും കുറച്ചേയ്ക്കാം. ഇതും ശരീരഭാരം കൂട്ടാം. ശരീരഭാരം കുറയ്ക്കുവാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, രാത്രി കൃത്യസമയത്ത് ഉറങ്ങുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

ഉറക്കം മനുഷ്യന് അനിവാര്യമായ കാര്യമാണെന്നിരിക്കെ പല കാരണങ്ങള്‍ കൊണ്ടും ഉറക്കം പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും  പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉറക്കവും ഭക്ഷണവും തമ്മിലും ബന്ധമുണ്ട്. കഫൈനിന്‍റെ അമിത ഉപയോഗം ഉറക്കക്കുറവിന് കാരണമാകാമെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍  ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്…

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.

രണ്ട്…

നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് പാലും പാല്‍ ഉല്‍പന്നങ്ങളും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാത്സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്.

മൂന്ന്…

പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ കിവിയും ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന പഴമാണ്.

നാല്…

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഇതും ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ്. ഒപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഴം കഴിക്കാം.

അഞ്ച്…

ഓട്സിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിന്‍ ബിയും കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഇവയൊക്കെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഓട്സ്.

web desk 1: