X

റോളില്ലാതെ ആരോഗ്യമന്ത്രി; എല്ലാം കലക്ടര്‍മാര്‍ തീരുമാനിക്കും,ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ ഒതുക്കിയതിന് സമാനമായ അവസ്ഥയിലേക്കാണ് വീണ ജോര്‍ജിനും വഴിതുറക്കുന്നത്. വീണാജോര്‍ജിനെ നോക്കുകുത്തിയാക്കിയാണ് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ആരോപണമുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അവര്‍ക്കുമുന്നിലുള്ളത് പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതു മാത്രമാണ്. അതുകൊണ്ടുതന്നെയാണ് വീണാ ജോര്‍ജിനോടു പോലും ആലോചിക്കാതെ കാറ്റഗറി മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. കോവിഡ് വ്യാപനത്തിന് ഇടയിലും വിപുലമായ രീതിയില്‍ സി.പി.എം സമ്മേളനങ്ങള്‍ നടത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ജില്ലാ സമ്മേളനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാത്രമേ നടത്താവൂവെന്നും എന്ത് പരിപാടികളും കൃത്യമായി ചട്ടങ്ങള്‍ പാലിക്കണമെന്നും പരോക്ഷ വിമര്‍ശനമെന്ന നിലയില്‍ വീണാ ജോര്‍ജ് പറഞ്ഞു.

അതെസമയം കോവിഡ് ക്ലസ്റ്ററുകളായി മാറിയ സി.പി.എം സമ്മേളനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ തലകുനിച്ച് നേതാക്കള്‍. പ്രതിപക്ഷവും ആരോഗ്യവിദഗ്ധരും ഈ വിഷയം ചൂണ്ടിക്കാട്ടിയത് അവഗണിച്ച സി.പി.എമ്മിനെ ഹൈക്കോടതി തന്നെ വിലക്കിയതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ വഴിപാട് ആക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടും സി.പി.എം സമ്മേളനങ്ങള്‍ക്ക് യാതൊരു മാനദണ്ഡങ്ങളും ബാധകമായിരുന്നില്ല. തിരുവനന്തപുരത്തും തൃശൂരിലും തിരുവാതിര കളിയിലൂടെ കോവിഡ് പരത്തിയ സി.പി.എം, സാധാരണ ജനത്തിനു മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ച ശേഷം സമ്മേളനങ്ങള്‍ തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണ് 50 പേരില്‍ കൂടുതല്‍ പാടില്ലെന്ന ഹൈക്കോടതിയുടെ വിധിയുണ്ടായത്.

കോവിഡിന്റെ തുടക്കം മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അട്ടിമറിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗം ജില്ലകളെ മൂന്ന് കാറ്റഗറിയായി തിരിച്ചത്. സി.പി.എം സമ്മേളനങ്ങളെ ബാധിക്കാതിരിക്കാന്‍ ചില ജില്ലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സമ്മേളനം നടക്കുന്ന കാസര്‍കോട്ട് 79 ശതമാനമാണ് ഐ.സി.യു ഒഴിവ്. എന്നാല്‍ ഇതിനേക്കാള്‍ ഒഴിവുകളുണ്ട് ഇപ്പോള്‍ ബി കാറ്റഗറി നിയന്ത്രണമുള്ള ഇടുക്കിയില്‍. ഇത് കാറ്റഗറി തിരിക്കലിലെ അശാസ്ത്രീയതക്ക് ഉദാഹരണമാണ്.

ആശുപത്രികളിലെയും ഐ.സി.യുകളിലെയും രോഗികളുടെ തോതും ആ പ്രദേശത്തെ മൊത്തം രോഗികളുടെ കണക്കും തമ്മിലുള്ള അനുപാതം നോക്കിയുള്ള നിയന്ത്രണ രീതി കൊണ്ട് ഗുണമുണ്ടാകുന്നത് സി.പി.എം സമ്മേളനങ്ങള്‍ക്ക് മാത്രമായിരുന്നു. ഇതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.

ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയുള്ള ആശുപത്രി കേസുകള്‍, ഐ.സി.യു കേസുകളിലെ വര്‍ധന എന്നിവ നോക്കിയാണ് അതാത് ജില്ലകളിലെ നിയന്ത്രണം. ജനുവരി ഒന്നില്‍ നിന്നും ആശുപത്രി അഡ്മിഷന്‍ ഇരട്ടിയും ഐ.സി.യു കേസുകളില്‍ 50 ശതമാനവും വര്‍ധന ഉണ്ടായാല്‍ കാറ്റഗറി എ, ആശുപത്രി കേസുകളില്‍ കോവിഡ് കേസുകള്‍ 10 ശതമാനവും ഐ.സി.യു കേസുകള്‍ ഇരട്ടിയും ആയാല്‍ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളില്‍ കോവിഡ് രോഗികളുടെ എണ്ണം 25 ശതമാനമായാല്‍ കാറ്റഗറി സി എന്നിങ്ങനെയാണ് കണക്ക്.

വ്യാപനം രൂക്ഷമായ തിരുവന്തപുരത്ത് അരലക്ഷം പേര്‍ ചികിത്സയില്‍ ഉണ്ടെങ്കിലും 3718 കോവിഡ് കിടക്കകളും 415 ഐ.സി.യുകളും സജ്ജമാണ്. ഇതില്‍ 50 ശതമാനത്തില്‍ അധികം ഒഴിവുണ്ട്. അതിനാല്‍ ഇപ്പോഴും ബി കാറ്റഗറിയിലാണ് തിരുവനന്തപുരം. എന്നാല്‍ ചികിത്സാ സൗകര്യം കുറഞ്ഞ വയനാടും ഇടുക്കിയും പ്രതിദിന കേസുകളില്‍ ഏറ്റവും പിന്നിലുള്ള ജില്ലകളാണ്.

വയനാട്ടില്‍ 54 ഐ.സി.യുകളില്‍ 20 പേരും ഇടുക്കിയില്‍ 100 ഐ.സി.യുകളില്‍ 18 പേരുമേയുള്ളൂ. ആശുപത്രിയില്‍ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും ഈ രണ്ട് ജില്ലകളും തിരുവനന്തപുരത്തിന് ഒപ്പം ബി കാറ്റഗറിയുടെ നിയന്ത്രണങ്ങളില്‍ പെട്ടു. ടി.പി.ആര്‍ ഉയരുന്നത് വാര്‍ത്തകളില്‍ പ്രാധാന്യം നേടാതിരിക്കാനും സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളിലെ യഥാര്‍ത്ഥ വിവരം പുറത്തുവരാതിരിക്കാനുമാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത് എന്ന ആക്ഷേപം കൂടി ശരിവെക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.

Test User: