ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയില്‍ കേസും തുടരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് അതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളില്‍ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വച്ച മരുന്നുകള്‍ 148 ആശുപത്രികളില്‍ കൊടുത്തു . ഇതാണ് സി ആന്റ് എ.ജി.യുടെ കണ്ടെത്തല്‍ . ഇക്കാര്യം പ്രതിപക്ഷം ചോദിക്കണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നത്. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിക്കും. അതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യ മന്ത്രി ക്ലാസ് എടുക്കണ്ട അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്താല്‍ ജീവഹാനിക്ക് വരെ കാരണമാകും. ഷെല്‍ഫ് ലൈഫ് കഴിഞ്ഞ മരുന്നുകള്‍ UDF കാലത്തെ ആണോ എന്ന് ആരോഗ്യ മന്ത്രി ചോദിക്കുന്നത് തമാശയാണ് . കാലാവധി കഴിഞ്ഞ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന് എഴുതി വച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി അത് വായിച്ച് നോക്കണം. ഷെല്‍ഫ് ലൈഫ് കഴിഞ്ഞ മരുന്നുകള്‍ അതേ കമ്പനിക്ക് തിരിച്ചു കൊടുത്ത് അവരില്‍ നിന്ന് പണവും പിഴയും ഈടാക്കണം. കഴിഞ്ഞ 7 വര്‍ഷമായി ഇതൊന്നും ചെയ്തിട്ടില്ലേ ? കാര്യം അറിയാതെയാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മഹാമാരി കാലത്ത് പര്‍ച്ചേസുകളില്‍ കൊള്ളയാണ് നടന്നത്. എവിടെ അഴിമതി നടന്നാലും അവസാനം വന്നു വീഴുന്ന ഒരു പെട്ടിയുണ്ട്. അവിടേയ്ക്ക് തന്നെയാണ് ഈ അഴിമതി പണവും വരുന്നത്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷം വിടില്ല അദ്ദേഹം കൂട്ടിചേര്‍ത്തു.