X
    Categories: indiaNews

മരുന്ന് വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ അല്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. മൊത്ത വില സൂചികയുടെ അടിസ്ഥാനത്തില്‍ ആണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്.

മൊത്ത വില സൂചിക ഉയരുമ്പോള്‍ വിലയും ഉയരുമെന്നും മന്ത്രി പറഞ്ഞു. രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങള്‍ക്ക് ഒട്ടും ആശ്വാസമില്ലാതെ മരുന്നുവിലയും ഉയര്‍ന്നിരുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കം 10.7 ശതമാനം വിലവര്‍ധന ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രമേഹം, ഹൃദ്രോഗം അടക്കം പതിവായി ഉപയോഗിക്കേണ്ട മരുന്നുകള്‍ വാങ്ങുന്നവര്‍ക്കാണ് വലിയ തിരിച്ചടി. സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍-മിനറല്‍ ഗുളികകള്‍ മുതല്‍ രോഗികള്‍ക്ക് പതിവായി വേണ്ട പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുവിലയാണ് പ്രധാനമായും ഉയരുന്നത്. രാസഘടകങ്ങള്‍ക്ക് വിലകൂടിയതടക്കം കണക്കിലെടുത്ത്, മൊത്തവില സൂചികയില്‍ 10.7 ശതമാനത്തിലധികം വര്‍ധനവ് നടപ്പാക്കിയതോടെയാണ് 800 ലധികം വരുന്ന മരുന്നുകള്‍ക്ക് വില കൂടുന്നത്.

പത്ത് ശതമാനത്തിന് മുകളിലുള്ള കൂടിയ വില, പുതിയ ബാച്ച് മരുന്നുകളിലാകും കൊടുക്കേണ്ടി വരിക. അതിനാല്‍ നിലവിലെ സ്റ്റോക്ക് തീരും വരെ തല്‍കാലം ഉയര്‍ന്നവില നല്‍കേണ്ടി വരില്ലെന്ന നേരിയ ആശ്വാസമുണ്ട്. എന്നാലിതിന് ശേഷം ഓരോ യൂണിറ്റിനുമുണ്ടാകുന്ന വിലവര്‍ധന, ഓരോ മരുന്നും കുറച്ചു വാങ്ങുമ്പോള്‍ പോലും പ്രകടമാകും.

രാജ്യത്തെ മൊത്തം മരുന്നു വിപണിയുടെ പതിനേഴ് ശതമാനത്തിലധികവും കേരളത്തിലാണെന്നാണ് കണക്കുകള്‍. ജീവിതശൈലീ രോഗത്തിനുള്ള സ്ഥിരം മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനാല്‍ കേരളത്തെ വിലവര്‍ധന കാര്യമായി ബാധിക്കും. ഉയര്‍ന്ന വിലയുള്ള സ്റ്റെന്‍ഡുകള്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയില്‍ നേരത്തെയുണ്ടായ വിലക്കയറ്റങ്ങള്‍ കാര്യമായി ബാധിച്ചിരുന്നു.

Test User: