തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന് പുറത്തു നിന്നും ഗുരുതര രോഗത്തിന് ചികിത്സക്കായി വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കിക്കൊടുക്കുകയാണ് പ്രാരംഭമായി ചെയ്യുന്നത്.
ഇതിനായി നോര്‍ക്കയുടെ കീഴിലുള്ള ഹെല്‍പ് ലൈന്‍ നമ്പരില്‍ (1800 425 3939, 0471 233 33 39) ബന്ധപ്പെട്ട് വിമാനത്തിന്റേയും ചികിത്സിക്കുന്ന ആസ്പത്രിയുടേയും വിവരങ്ങള്‍ നല്‍കേണ്ടതാണ്. അവര്‍ എത്തുന്ന സമയത്ത് വിമാനത്താവളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയുള്ള ആംബുലന്‍സ് അവിടെ തയ്യാറാക്കി നിര്‍ത്തും. വിമാനത്താവളത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്ന ആസ്പത്രിയിലേക്ക് രോഗിയെ എത്തിക്കുന്നതാണ്. ഐ.എം.എ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സുകള്‍ സജ്ജമാക്കിക്കൊടുക്കുന്നത്. അതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുന്നതാണ്.
കേരളത്തിന് പുറത്ത് വച്ച് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്നതാണ്. വിമാനത്താവളത്തില്‍ നിന്നും മൃതദേഹം വീട്ടില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യമാണ് അനുവദിക്കുന്നത്. ആദ്യ മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുക. ഇത് വിജയമെന്ന് കണ്ടാല്‍ പദ്ധതി മറ്റ് ആരോഗ്യ മേഖലകളിലേക്കും വ്യാപിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, നോര്‍ക്ക സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ എന്നിവര്‍ ധാരണ പത്രം കൈമാറി. ഹെല്‍പ് ലൈന്‍ നമ്പര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നോര്‍ക്ക സെക്രട്ടറി ഡോ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍, ഐ.എം.എ. സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ സുനോജ്, ഡോ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.