‘കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല’ എന്ന ചൊല്ല് അര്‍ത്ഥവത്താണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരുപക്ഷേ, ഏറ്റവുമധികം ഉപയോഗിക്കുന്നത് കണ്ണുകളായിരിക്കും. രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ബെഡ്‌റൂമിലണയും വരെ ഒരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം കണ്ണ് മാത്രമായിരിക്കും. പക്ഷേ, കണ്ണിന് ആവശ്യമായ പരിചരണവും ശ്രദ്ധയും നമ്മള്‍ നല്‍കാറുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. കണ്ണിന് എന്തെങ്കിലും അസുഖം വരുമ്പോഴോ കാഴ്ച മങ്ങുമ്പോഴോ മാത്രമാണ് നമ്മള്‍ അതിന്റെ വിലയറിയുന്നത്.
പുറമേക്ക് കാണാമെങ്കിലും ആന്തരിക അവയവമാണ് കണ്ണ്. കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ദൈവം തന്നെ ശരീരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇടക്കിടെ ഇമവെട്ടുന്നതും കണ്ണീര്‍ നിറയുന്നതുമൊക്കെ അതുകൊണ്ടാണ്. എങ്കിലും പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ ചില സംരക്ഷണ കവചങ്ങള്‍ തീര്‍ക്കേണ്ടത് നമ്മുടെ ആവശ്യമായിത്തീരുന്നു.
നനവും വരള്‍ച്ചയും
കണ്ണിലെ നനവ് അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍, ചൂടിലും പൊടിയിലും ജോലി ചെയ്യുമ്പോള്‍ നനവ് വറ്റി വരള്‍ച്ചവരും. കണ്ണീര്‍ ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിനു കാരണം. വരള്‍ച്ചയുണ്ടാകുമ്പോള്‍ കണ്ണില്‍ കരട് പോയതുപോലെയുള്ള അസ്വസ്ഥത തോന്നും.
പൊടിപടലങ്ങളുള്ള ഔട്ട്‌ഡോറിലാണ് ജോലിയെങ്കില്‍ കണ്ണട നിര്‍ബന്ധമായും ധരിക്കണം. ബൈക്കിലും കാറ്റ് കണ്ണില്‍ത്തട്ടുന്ന മറ്റ് തുറന്ന വാഹനങ്ങളില്‍ പോകുമ്പോഴും ഇതുതന്നെ സ്ഥിതി. ശക്തമായ വെയിലുണ്ടെങ്കില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം. കണ്ണിന് അസ്വസ്ഥത തോന്നിയാല്‍ ശുദ്ധജലത്തില്‍ മൃദുവായി കഴുകണം.
ഒരേ സാധനത്തില്‍ തന്നെ തുടര്‍ച്ചയായി കണ്ണു നട്ടിരിക്കുന്നത് കണ്ണിന്റെ വരള്‍ച്ചക്ക് മറ്റൊരു കാരണമാവുന്നു – പ്രത്യേകിച്ചും ടി.വി, കമ്പ്യൂട്ടര്‍ സ്‌ക്രീന്‍, സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ തുടങ്ങിയവയില്‍ കണ്ണുനട്ടിരിക്കുന്നത്. വെളിച്ചമുള്ള ഇത്തരം പ്രതലങ്ങളില്‍ നോക്കുന്നത് പരമാവധി കുറക്കുക. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കിടന്നുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ടി.വി സ്‌ക്രീനും ടി.വിയുടെ മധ്യവും ഒരേ നിരപ്പില്‍ വരാന്‍ ശ്രദ്ധിക്കുക.
ചിത്രങ്ങള്‍ പെട്ടെന്ന് മാറിവരുന്നതിനാല്‍ ടി.വി കണ്ണിന് കൂടുതല്‍ കുഴപ്പക്കാരനാണ്. ടി.വിയില്‍ നിന്ന് നാലുമീറ്ററെങ്കിലും പരിധിവിട്ടായിരിക്കണം ഇരിക്കേണ്ടത്.
കുഞ്ഞുമിഴികള്‍
ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടി.വി തുടങ്ങിയവയില്‍ മുതിര്‍ന്നവരേക്കാള്‍ താല്‍പര്യം കുട്ടികള്‍ക്കാണല്ലോ. ഇവയോടുള്ള അഡിക്ഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ കുഴപ്പം കണ്ണുകള്‍ക്കാണ് സംഭവിക്കുക.
മൂന്നു വയസ്സിനു മുമ്പ് കുട്ടികളെ ടി.വിയുടെയോ കമ്പ്യൂട്ടറിന്റെയോ പരിസരത്തേക്ക് അടുപ്പിക്കുകയേ അരുത്. അവരുടെ കുഞ്ഞുമിഴികളെ അപായപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഇലക്ട്രോണിക് വെളിച്ചങ്ങള്‍.
അതുപോലെ തുടര്‍ച്ചയായി 20 മിനുട്ടിലധികം ടി.വിയില്‍ നോക്കിയിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ 20 മിനുട്ടിലും കണ്ണിന് വിശ്രമം നല്‍കുന്ന തരത്തില്‍ സ്വാഭാവിക കാഴ്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ ശീലിപ്പിക്കണം.
കുട്ടികളില്‍ കണ്ണിന്റെ കുഴപ്പങ്ങള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താം. മൂന്നു മാസം പ്രായമായ കുട്ടികളില്‍ കണ്ണില്‍ വെള്ളനിറം കാണുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.
ഇടക്കിടെ കണ്ണീര്‍ വരുന്നതും കണ്ണില്‍ പഴുപ്പുണ്ടാകുന്നതുമാണ് കുട്ടികളിലെ മറ്റൊരു പ്രശ്‌നം. കണ്ണീര്‍ഗ്രന്ഥിയിലെ തകരാറാണ് ഇതിനു കാരണം. മരുന്നും ചെറിയ ശസ്ത്രക്രിയയും വഴി ഈ പ്രശ്‌നങ്ങള്‍ നീക്കാന്‍ കഴിയും.
കോങ്കണ്ണ് മറ്റൊരു കാഴ്ചാ പ്രശ്‌നമാണ്. കണ്ണടവെച്ചും ശസ്ത്രക്രിയ വഴിയും ഇതിന് പരിഹാരം കാണാന്‍ കഴിയും. ചെറുപ്പത്തിലേ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ് നല്ലത്.
കണ്ണിനായി ഭക്ഷണം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രായാധിക്യം കാരണമായുണ്ടാകുന്ന കാഴ്ചക്കുറവിനെയും ശരിയായ ഭക്ഷണ ക്രമം വഴി അകറ്റി നിര്‍ത്താന്‍ കഴിയും.
ചീര, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളും മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും മാംസം അല്ലാത്ത പ്രോട്ടീന്‍ ഭക്ഷണങ്ങളും നല്ല ഫലം ചെയ്യും. അതുപോലെ ഓറഞ്ച് അല്ലെങ്കില്‍ ചെറുനാരങ്ങ നീര് ദിവസവും ശീലമാക്കുക.
ശരീരഭാരം നിയന്ത്രിക്കുന്ന ഭക്ഷണം ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങള്‍ വഴിയുണ്ടാകുന്ന നേത്ര രോഗങ്ങളെ തടയാം. ടൈപ്പ് 2 ഡയബറ്റിസ് കണ്ണിനെ ബാധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ കാഴ്ചക്കുറവിന് കാരണമാകുന്ന ഒരു പ്രധാന കാര്യം പ്രമേഹമാണ്.
പുകവലിയും മദ്യപാനവും നിര്‍ത്തുക
മദ്യപാനം കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് കാഴ്ചാവൈകല്യം മുതല്‍ സ്ഥിരമായ അന്ധത വരെ സംഭവിച്ചേക്കാം. മദ്യപാനാസക്തി തലച്ചോറിനെ കേടുവരുത്തുകയും അതിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുകയും ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും അത് കണ്ണിനെയും ബാധിക്കും. ദൃശ്യങ്ങള്‍ കലങ്ങിയതായി അനുഭവപ്പെടുകയും ഒരേ വസ്തു ഇരട്ടയായി കാണുകയും ചെയ്യാം.
തിമിരം, കാഴ്ചാ ഗ്രന്ഥിക്ക് പരിക്ക്, പേശീ ബലക്ഷയം എന്നിവക്ക് കാരണമാകുന്നതാണ് പുകവലി. കണ്ണിന് നിങ്ങള്‍ വിലനല്‍കുന്നുവെങ്കില്‍ പുകവലി ഇന്നുതന്നെ നിര്‍ത്തുക. ഒരുതവണ നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെങ്കിലും ശ്രമം തുടരാം. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രമങ്ങളിലൂടെ പുകവലി ശീലം നിര്‍ത്തലാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
ഡോക്ടറെ കാണുക
കണ്ണിന് തുടര്‍ച്ചയായ വേദന അനുഭവപ്പെടുകയോ കണ്ണിനുള്ളില്‍ കരടു പോയതുപോലെ നിരന്തരം തോന്നുകയോ ചെയ്യുമ്പോള്‍ സംശയിച്ചു നില്‍ക്കാതെ ഡോക്ടറെ കാണുക. സ്വയം ചികിത്സക്ക് മുതിരുന്നത് ഭീമമായ അബദ്ധമായേക്കാം.
അതുപോലെ ഓരോ വര്‍ഷവും കാഴ്ചശക്തി പരിശോധിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ സമ്മര്‍ദ്ദം, ഞരമ്പുകളുടെ ശക്തി എന്നിവയും പരിശോധിക്കണം. ഒരിക്കലും ഡോക്ടറുടെ നിര്‍ദേശത്തോടെയല്ലാതെ ലെന്‍സ് കണ്ണടകള്‍ ധരിക്കരുത്.
കണ്ണിന്റെ ഉള്‍പ്രതലത്തില്‍ നേരിട്ട് സ്പര്‍ശിക്കുന്നത് അപകടകരമാണ്. അത് നേത്രവരോഗങ്ങള്‍ക്ക് കാരണമാകാം. കരട് പോയാല്‍ തിരുമ്മുന്നതിനു പകരം അല്‍പനേരം ഇമ ചിമ്മാതെ തുറന്നുപിടിച്ചാല്‍ കണ്ണിലെ സംവിധാനം തന്നെ സ്വാഭാവികമായി തന്നെ അതിനെ പുറന്തള്ളിക്കൊള്ളും.