തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര വിതരണത്തിനുള്ള തുക വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ(കെ.പി.പി.എച്ച്.എ.) നേതൃത്വത്തില്‍ പ്രധാനാധ്യാപകര്‍ നിരാഹാര സമരത്തിലേക്ക്.
ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ല്‍ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി. മുട്ട, പാല്‍ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. പാലിന്റെ വില വീണ്ടും 6 രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.കേന്ദ്ര ഗവണ്‍മെന്റ് ആനുപാതികമായി തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റ് ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല.
അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. ഓണത്തിനുശേഷം തുക വര്‍ദ്ധിപ്പിക്കുമെന്ന് നിയമസഭയ്ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസവകുപ്പു മന്ത്രി നല്കിയ വാക്കുപാലിക്കാന്‍ ഇതേവരെ തയ്യാറാകാത്തതിനാല്‍ പ്രതിഷേധ പരിപാടികളുടെ സൂചനയായി 6ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അന്ന് സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുന്നതുള്‍പ്പെടെയുള്ള വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.