തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

webdesk17:
whatsapp
line