X

രാജ്യം കടന്നുപോകുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെ: സോണിയ

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അവര്‍.
2014 മുതല്‍ ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പല തെരഞ്ഞെടുപ്പുകളിലും ഞങ്ങളുടെ പാര്‍ട്ടി തോറ്റു. എന്നാല്‍ പാര്‍ട്ടി ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല- അവര്‍ പറഞ്ഞു.
രാഹുലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സോണിയ വികാരാധീനയായി. രാഹുല്‍ എന്റെ മകനാണ്. അതുകൊണ്ടുതന്നെ അവനെ ഞാന്‍ പുകഴ്ത്തിപ്പറയുന്നത് ശരിയല്ല. പക്ഷേ ഒന്നുണ്ട്. കുട്ടിക്കാലത്തെ സംഘര്‍ഷത്തിന്റെ മുറിവുകള്‍ പേറിയവനാണ് അവന്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷം അദ്ദേഹത്തിനെതിരെ വ്യക്തിപരമായ കടുത്ത ആക്രമണങ്ങളുണ്ടായി. അത് അവനെ കൂടുതല്‍ കരുത്തനാക്കി മാറ്റി- സോണിയ പറഞ്ഞു.
ഇന്ദിരാജി യാത്ര പറഞ്ഞു, രാജീവും എന്നെ വിട്ടുപോയി. എന്റെ ആശ്രയങ്ങളെല്ലാം എന്നില്‍നിന്ന് എടുത്തുകളയപ്പെട്ടു. മറ്റൊരു ആശ്രയം(രാഹുല്‍) എനിക്ക് ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു- അവര്‍ പറഞ്ഞു.

chandrika: