X

മധുരം നൽകിയവന് മധുര വിജയം സമ്മാനിച്ചു; രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സഖ്യ കക്ഷികളെയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ വന്നപ്പോള്‍ സ്റ്റാലിനായി മൈസൂര്‍ പാക്ക് വാങ്ങിയിരുന്നു. തന്റെ സഹോദരന് നല്‍കാനാണിതെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. പിന്നീട് സ്റ്റാലിന് ഈ മധുരം നല്‍കുകയും ചെയ്തിരുന്നു.

മധുരം നല്‍കിയ രാഹുലിന് മധുരവിജയം സമ്മാനിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. രാഹുലിന്റെ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ഡി.എം.കെയുടെ കീഴില്‍, കോണ്‍ഗ്രസ്-പാര്‍ട്ടി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്തെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ ഏക പാര്‍ലമെന്റ് മണ്ഡലവും നേടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം ചരിത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി.ഡി.പി യുടെ ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിന്റെയും പിന്തുണ കൊണ്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ മോദിക്ക് ഇത് വലിയ തിരിച്ചടി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം തികക്കാന്‍ മറ്റുള്ളവരുടെ വാക്കുകള്‍ മോദിക്ക് കേള്‍ക്കേണ്ടി വന്നെന്നും ഇഷ്ട്ടപ്രകാരം ബി.ജെ.പി ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എട്ട് പ്രാവശ്യം തമിഴ്നാട്ടില്‍ വന്നു. എന്നാല്‍ രാഹുലിന്റെ ഒരു മധുരപ്പൊതി മോദിയുടെ ലക്ഷ്യങ്ങളെയെല്ലാം തകര്‍ത്തെന്നും മോദിയെ സ്റ്റാലിന്‍ പരിഹസിച്ചു.

webdesk13: