X

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

webdesk18: