മധ്യപ്രദേശില്‍ വിവാഹശേഷം ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കിയ യുവാവ് ഭാര്യയെ അയോധ്യയില്‍ കൊണ്ടുപോയി. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹമോചനം ഫയല്‍ ചെയ്തുവെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ഓഗസ്റ്റില്‍ വിവാഹം കഴിഞ്ഞ് 5 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഹണിമൂണിന് പോയത്. നേരത്തെ ഗോവയില്‍ കൊണ്ടുപോകാമെന്ന് വാക്ക് നല്‍കിയ ഭര്‍ത്താവ് യാത്ര തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു അയോധ്യയിലും കാശിയിലുമാണ് പോകുന്നത് എന്ന കാര്യം പറഞ്ഞത്.
ഭര്‍ത്താവിനും തനിക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും ഹണിമൂണിന് വിദേശത്ത് പോകാന്‍ പ്രയാസമില്ലെന്നും വിവാഹ മോചന ഹരജിയില്‍ യുവതി പറയുന്നു. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ഭര്‍ത്താവ് വിസമ്മതിച്ചു.
തുടര്‍ന്ന് ഗോവയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ യാത്ര പോകുവാന്‍ ഇരുവരും തീരുമാനിച്ചു. ഭാര്യ അറിയാതെ ഇയാള്‍ അയോധ്യയിലേക്കും വാരണാസിയിലേക്കും ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.
തങ്ങള്‍ അയോധ്യയിലേക്കാണ് പോകുന്നതെന്നും തന്റെ അമ്മയ്ക്ക് രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുമ്പ് അവിടെ സന്ദര്‍ശിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ഇയാള്‍ യാത്രയുടെ തലേ ദിവസം യുവതിയോട് പറഞ്ഞു. ഭര്‍ത്താവുമായി തര്‍ക്കിക്കാതെ യാത്ര പോയ യുവതി തിരികെ വന്നതിനുശേഷം കുടുംബ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.