നിലമ്പൂര്‍: റോഡിനു നടുവില്‍ പുലി, ബൈക്ക് യാത്രക്കാരന് ബൈക്ക് തിരിച്ചുവിട്ട് രക്ഷപ്പെട്ടു. വഴിക്കടവ് പഞ്ചായത്ത് അംഗം മരുതയിലെ സെയ്തലവിയാണ് പുലിയുടെ മുന്നില്‍ പെട്ടത്. ചെമ്പന്‍കൊല്ലി കോടാലിപൊയില്‍ റോഡില്‍ മേലെ ചെമ്പന്കൊല്ലിക്ക് സമീപം രാത്രിയില്‍ ആണ് സംഭവം.
റോഡരികിലെ വനത്തില്‍ നിന്നു കയറിയ പുലി മറുവശത്തെ റബര്‍ തോട്ടത്തിലേക്ക് പോവുന്നതിനിടെ റോഡിന് കുറുകെ നില്‍ക്കുകയായിരുന്നു. ബൈക്കിന്റെ വെളിച്ചത്തില്‍ ദൂരെ നിന്നു ഒരു ജീവിയെ കണ്ടുവെങ്കിലും കാട്ടുപന്നിയായിരിക്കുമെന്ന് ധരിച്ച് ബൈക്ക് മുന്നോട്ടെടുത്തു.
അടുത്തെത്തിയപ്പോ മനസിലായി, പുലി തന്നെയെന്ന്. കിട്ടിയ ധൈര്യത്തില്‍ ബൈക്ക് തിരിച്ചു. ഇതിനിടയില്‍ തോട്ടത്തിലേക്ക് കയറാതെ പുലി വനത്തിലേക്ക് തന്നെ തിരിച്ചു കയറി. ഭീതി കാരണം പിന്നീട് പോത്തുകല്ല് വഴിയാണ് മരുതയിലേക്ക് പോയത്. ഇതിനു മുന്‍പും പ്രദേശത്തെ റബര്‍ തോട്ടത്തില്‍ വച്ച് ടാപ്പിങ് തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു.