X

‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു’; പി ജയരാജനെതിരെ മനു തോമസ്

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു.

പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചതായും വെളിപ്പെടുത്തി.

സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞ ദിവസം മനു തോമസ് പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു തോമസ് പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഎമ്മില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി മനു തോമസ് പറഞ്ഞിരുന്നു.

ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.

webdesk13: