X

കടയിലെത്തിയ പെൺസുഹൃത്തിനോട് മോശമായി പെരുമാറി; കടക്കാരനെതിരെ ക്വട്ടേഷൻ, വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം

കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തിൽ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂർ പാരഡൈസ് വീട്ടിൽ വിനോദ് കുമാർ(43) ആണ് ക്വട്ടേഷൻ നൽകിയത്.

കടയിലെത്തിയ തന്റെ പെൺസുഹൃത്തിനോട് രാജൻ മോശമായി പെരുമാറിയതിൽ പ്രകോപിച്ചായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.

കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നിൽനിന്നും കാറിൽ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചിട്ടു. തുടർന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരൻ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാൾ തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാൾവീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടിൽ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനിൽ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.

webdesk13: