ചരിത്ര സിനിമകള്‍ താന്‍ മന:പൂര്‍വം തിരഞ്ഞെടുക്കുന്നവയാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടവയാണെന്ന് കരുതുന്ന ചരിത്രങ്ങളാണ് താന്‍ സിനിമയാക്കുന്നതെന്നും നടന്‍ പറഞ്ഞു. നാളെ റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ ‘സ്‌കൈ ഫോഴ്‌സ്’ എന്ന ബയോപിക്ക് ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബയോപിക്കുകള്‍ക്ക് എന്തുകൊണ്ട് പ്രാധാന്യം നല്‍കുന്നുവെന്ന ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.
‘പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഭാഗമല്ലാത്ത ചരിത്രങ്ങളുടെ സിനിമ ഞാന്‍ മന:പൂര്‍വം ചെയ്യാറുണ്ട്. അതെന്റെ ആഗ്രഹമാണ്. അറിയപ്പെടാത്ത നായകരാണ് അവരെല്ലാം. അവരെ കുറിച്ച് ആരും അന്വേഷിക്കാത്തതിനാല്‍ ജനങ്ങള്‍ അവരുടെ ജീവിതങ്ങള്‍ അറിയാതെപോകുന്നു. ഞാന്‍ ഇത്തരം കഥാപാത്രങ്ങളെയാണ് അന്വേഷിക്കുന്നത്.’
‘ചരിത്രപുസ്തകങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. അക്ബറിനെ കുറിച്ചോ, അല്ലെങ്കില്‍ ഔറംഗസേബിനെ കുറിച്ചോ പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിക്കുന്നു. എന്നാല്‍, നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നില്ല. അത്തരം ഹീറോകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സൈന്യത്തില്‍ തന്നെ അത്തരം നിരവധി കഥകളുണ്ട്. പരമവീരചക്രം നല്‍കി ആദരിക്കപ്പെട്ട നിരവധി സൈനികരുണ്ട്. ചരിത്രപുസ്തകം തിരുത്തിയെഴുതണം. ഇത്തരം നായകരുടെ കഥകള്‍ വരുംതലമുറയെ പഠിപ്പിക്കണം’ -അക്ഷയ് കുമാര്‍ പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വാക്കുകൾ.
നാളെ റിലീസാവുന്ന ‘സ്‌കൈ ഫോഴ്‌സ്’ സിനിമയില്‍ വിങ് കമാന്‍ഡര്‍ കെ.ഒ. അഹുജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ സര്‍ഗോധ എയര്‍ബേസ് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.