ന്യൂഡല്‍ഹി: മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി. ചാനലിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫ്റ്റര്‍ ചലഞ്ച്’ എന്ന പരിപാടിയില്‍ നിന്നാണ് ശ്യാം രംഗീല എന്ന യുവാവിനെ പുറത്താക്കിയത്.
പരിപാടി ചിത്രീകരിച്ച് ഒരു മാസത്തിന് ശേഷം ചാനലിലെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് തന്നെ വിളിക്കുകയായിരുന്നുവെന്ന് ശ്യാം രംഗീല പറയുന്നു. മോദിയെ അനുകരിച്ച പരിപാടി കൊടുക്കാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. പുതിയതൊന്ന് വേണമെന്നായിരുന്നു ആവശ്യം. മോദിയെ അനുകരിക്കുന്ന ഭാഗം സംപ്രേഷണം ചെയ്യുകയാണെങ്കില്‍ ചാനലിനെതിരെ വിമര്‍ശനമുയരും. ഇത് ചെറുത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. മോദിയെ അനുകരിക്കാന്‍ കഴിയില്ല. വേണമെങ്കില്‍ രാഹുല്‍ഗാന്ധിയെ അനുകരിച്ചുകൊള്ളൂ. എന്നായിരുന്നു അധികൃതരുടെ ആവശ്യം. എന്നാല്‍ മോദിയെ മാത്രമേ അനുകരിക്കൂ. രാഹുല്‍ ഗാന്ധിയെ അനുകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ശ്യാം വ്യക്തമാക്കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് രണ്ടാം തവണയാണ് മോദിയെ അനുകരിക്കുന്ന പരിപാടിക്ക് വിലക്ക് നേരിടുന്നതെന്ന് ശ്യാം പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ റേഡിയോ പരിപാടിക്കും വിലക്ക് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ ദി വയറുമായി ബന്ധപ്പെടുന്നത്. ശ്യാമിന്റെ വിലക്കിയ മോദി അനുകരണത്തോടൊപ്പം വിവാദത്തെക്കുറിച്ച് പറയുന്ന ദൃശ്യങ്ങളും ദി വയര്‍ പുറത്തുവിട്ടു.