ടി.ടി.ഇ. ബലമായി തീവണ്ടിയില്‍നിന്ന് പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകള്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരില്‍ ചങ്ങല വലിച്ച് യുവതി നിര്‍ത്തിയത്.
കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടുനിന്നാണ് നാട്ടിലേക്ക് വരുന്നതിനായി മെയിലില്‍ കയറിയത്. തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. തീവണ്ടി പോകാന്‍നേരമാണ് ഈ കുടുംബം എത്തുന്നത്. തിരക്കിനിടയില്‍ ഇവര്‍ കയറിയത് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു.
ഈ കുടുംബം ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സ്ഥലമില്ലാത്തതിനാല്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്തത്. തീവണ്ടി തിരൂരില്‍ എത്തിയപ്പോള്‍ പരിശോധനക്കായി എത്തിയ ടി.ടി.ഇ. അനധികൃതമായി റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നവരോട് അടുത്ത സ്‌റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റിപ്പുറത്ത് എത്തിയപ്പോള്‍ തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ല. ഇറങ്ങാന്‍ വിസമ്മതിച്ച സ്ത്രീകളടക്കമുള്ള യാത്രക്കാരോട് പിന്നീട് വളരെ മോശമായാണ് ടി.ടി. ഇ. പെരുമാറിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് കുറ്റിപ്പുറത്ത് ഇറക്കിവിട്ടത്.
എന്നാല്‍ വയോധികയുടെ മകള്‍ ഇതിനിടെ തീവണ്ടിയില്‍ തിരികെ കയറിപ്പറ്റിയിരുന്നു. കുറ്റിപ്പുറം വിട്ടതിനുശേഷമാണ് അമ്മയെ കാണാതായ വിവരം മകള്‍ അറിയുന്നത്. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് തീവണ്ടി. റെയില്‍പ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയില്‍ നടന്നാണ് യുവതി കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഭയന്നിരുന്ന അമ്മയുടെ അടുത്ത് എത്തുന്നത്. ടി.ടി.ഇയ്ക്ക് എതിരെ യുവതി കുറ്റിപ്പുറം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.