X
    Categories: indiaNews

അശ്ലീല വീഡിയോ കണ്ട് പരീക്ഷയ്ക്ക് തോറ്റെന്ന്; യൂട്യൂബിനെതിരായ ഹര്‍ജി പിഴയിട്ട് തള്ളി

ന്യൂഡല്‍ഹി: യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴില്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് യുവാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പിഴയിട്ട് തള്ളി. ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയത് യൂട്യൂബാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ അശ്ലീല വീഡിയോ പരസ്യങ്ങള്‍ കാണിച്ച് യൂട്യൂബ് തന്റെ ശ്രദ്ധ വ്യതിചലിപ്പിച്ചു. അതിനാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. തൊഴില്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെടാന്‍ കാരണമായ യൂട്യൂബില്‍ നിന്ന് 75,000 രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിക്കാരനായ ആനന്ദ് കിഷോര്‍ ചൗധരി വ്യക്തമാക്കി.

എന്നാല്‍ കിഷോറിന്റെ വാദം സുപ്രീം കോടതി തള്ളി. 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനായി പഠിക്കാന്‍ ഇരിക്കുമ്പോഴാണ് യൂട്യൂബില്‍ അശ്ലീല വീഡിയോയുടെ പരസ്യങ്ങളും മറ്റും വന്നത്. ഇതുമൂലം ശ്രദ്ധ വ്യതിചലിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്തു. തല്‍ഫലമായി പരീക്ഷയ്ക്ക് തോറ്റുവെന്നായിരുന്നു കിഷോര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ യുവാവിന്റെ വാദം തള്ളുകയായിരുന്നു. യൂട്യൂബ് കാണാതിരിക്കുകയോ നോക്കാതിരിക്കുകയോ ചെയ്യാമായിരുന്നിട്ടും ആ പോംവഴി സ്വീകരിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറായില്ല. മാത്രവുമല്ല ഇത്തരമൊരു ഹര്‍ജി ബാലിശമാണ്.കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ തന്നോട് ദയ കാണിക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ പിഴത്തുക 25,000മായി ചുരുക്കി.

Test User: