ന്യൂഡല്‍ഹി: നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ബാങ്കുകള്‍ക്ക് പണം(സേവന നിരക്ക്) നല്‍കണം. എച്ച്.ഡി.എഫ്,സി, ഐ.സി.സി.ഐ, ആക്‌സിസ് തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് പണമിടപാടിന് സേവന നിരക്ക് പ്രഖ്യാപിച്ചത്. നോട്ടു പിന്‍വലിക്കല്‍ വഴി പണം മുഴുവന്‍ നിക്ഷേപമായി ബാങ്കുകളുടെ കൈവശം എത്തിയതോടെയാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ പുതിയ കെണിയൊരുക്കിയത്. 150 രൂപ വരെയാണ് പണമിടപാടിന് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, സാലറി അക്കൗണ്ട് എന്നിവയില്‍ നടത്തുന്ന നിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവക്കാണ് നിരക്ക് ബാധകമാകുകയെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. എല്ലാ മാസവും ആദ്യ നാല് ഇടപാടുകള്‍ സൗജന്യമായിരിക്കും. തുടര്‍ന്ന് നടത്തുന്ന ഓരോ ഇടപാടുകള്‍ക്കുമാണ് നിരക്ക് ഈടാക്കുക. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ പണമിടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങളും ഈ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഐ.സി.ഐ.സി.ഐ ഉപഭോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. താഴെ പറയും പ്രകാരമാണ് ഓരോ ബാങ്കുകളിലേയും സേവന നിരക്ക്.
എച്ച്.ഡി.എഫ്.സി: സേവിങ്‌സ്, സാലറി അക്കൗണ്ടുകള്‍ക്ക് ബാധകം. എല്ലാ മാസവും ആദ്യ നാല് ഇടപാടുകള്‍ സൗജന്യം. തുടര്‍ന്നുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതം ഇടാക്കും. മൂന്നാം കക്ഷി പണമിടപാട് (മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കലും പിന്‍വലിക്കലും) ഒരു ദിവസത്തേക്ക് പരമാവധി 25,000 രൂപ മാത്രമേ അനുവദിക്കൂ.
ഐ.സി.ഐ.സി.സിഐ: സേവിങ്‌സ്, സാലറി അക്കൗണ്ടുകള്‍ക്ക് ബാധകം. സ്വന്തം ബ്രാഞ്ചില്‍ എല്ലാ മാസവും ആദ്യ നാലു ഇടപാടുകള്‍ സൗജന്യം. തുടര്‍ന്നുള്ള ഓരോ ഇടപാടിനും ആയിരം രൂപക്ക് അഞ്ചു രൂപ എന്ന നിരക്കില്‍(കുറഞ്ഞത് 150 രൂപ) സേവന നിരക്ക്. ഹോം ബ്രാഞ്ച് അല്ലെങ്കില്‍ ഒരു ഇടപാട് മാത്രം സൗജന്യം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് ആയിരത്തിന് അഞ്ചു രൂപ നിരക്കില്‍ ഇടാക്കും. മൂന്നാം കക്ഷി പണമിടപാട് പരമാവധി 50,000 രൂപ വരെ മാത്രമേ അനുവദിക്കൂ.
ആക്‌സിസ് ബാങ്ക്: സേവിങ്‌സ്, സാലറി അക്കൗണ്ടുകള്‍ക്ക് ബാധകം. എല്ലാ മാസവും 10 ലക്ഷം രൂപ വരെയുള്ള ആദ്യ അഞ്ച് ഇടപാടുകള്‍ സൗജന്യം. തുടര്‍ന്നുള്ള ഓരോ ഇടപാടിനും ആയിരം രൂപക്ക് അഞ്ചു രൂപ, അല്ലെങ്കില്‍ 150 രൂപ (ഏതാണോ കൂടുതല്‍ അത്) സേവന നിരക്ക്.
കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും പണരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദമാണ് സേവനനിരക്ക് ഈടാക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിമാസം രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് സെസും ലെവിയും ബാധകമായിരിക്കുമെന്ന് എച്ച്.ഡി.എഫ്.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.